2008, ജൂലൈ 18, വെള്ളിയാഴ്‌ച

സ്പോട്ട് ഫിലിം 2

സ്പോട്ട് ഫിലിം:

വിഷയം: റോഡ് സുരക്ഷ
ഈ ചിത്രത്തില്‍ കാണുന്നവരൊക്കെ റോഡപകടങ്ങളില്‍ നിന്നും
അല്‍ഭുതകരമായി രക്ഷപ്പെട്ടവരാണ്.

അലോഷിത:
അച്ഛന്റേയൊപ്പം ബൈക്കില്‍ പോവുകയായിരുന്നു,
അമ്മയുടെ മടിയിലാണ് രണ്ടര വയസ്സുകാരിയായ അലോഷിത ഇരുന്നത്.
റോഡിലെ കുഴിയില്‍ ചാടി നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും
കുഞ്ഞ് അലോഷിത മാത്രം റോഡിലേക്ക് തെറിച്ച് വീണു.
ഒരു നിമിഷം... പിന്നില്‍ വന്നിരുന്ന ലോറി അവളുടെ
കാലുകളിലൂടെ കയറിയിറങ്ങി.

ചതഞ്ഞരഞ്ഞ രണ്ടു കാലുകളില്‍ നിന്നും ഒരു കാല് മാത്രം
ആശുപത്രിയില്‍ ഡോക്ടര്‍ക്ക് ഒരുവിധം രക്ഷിച്ചെടുക്കാനായി.

അലോഷിതയ്യുടെ മറ്റേ കാല്‍.......

ഇത്തിരി നീക്കി വച്ച പൊയ്ക്കാലിനു സമീപം
അവശെഷിച്ച തന്റെ കുഞ്ഞിക്കാലില്‍ നിര്‍വികാരമായി
നാലു വയസ്സുകാരി അലോഷിത നില്ക്കുന്നു...

-----------------------------------------------------

അരുണ്‍:
സ്വകാര്യ ആശുപത്രിയില്‍ നഴ്സായിരുന്ന അരുണ്‍
സുഹൃത്തിനൊപ്പം ബൈക്കില്‍ പിന്നിലിരുന്നു പോവുകയായിരുന്നു.
ഒരു വാഹനത്തെ അശ്രദ്ധമായി മറികടന്ന് എതിരെ പാഞ്ഞു വന്ന
കാറിന്റെ വരവുകണ്ട് നിയന്ത്രണം നഷ്ടമായ ബൈക്ക് നേരെ
ചെന്ന് മതിലില്‍ ഇടിച്ച് മറിഞ്ഞു വീണു.

ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് തല്ക്ഷണം മരിച്ചു.
അരക്കു താഴെ തളര്‍ന്ന് അരുണ്‍ മാത്രം ബാക്കിയായി.

“വീ്ല്‍ചെയറില്‍ ഞാന്‍ ഈ വീടു മുഴുവനും ഓടിയെത്തും.
കൂട്ടുകാരനെ കാണാന് എന്നെ കൊണ്ടുപോവാന്‍
അച്ഛനോട് ഒന്നു പറയുമോ?”

ആ കൂട്ടുകാരന്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ
മരിച്ച വിവരം അരുണിന് അറിയില്ല.

-----------------------------------------------------

ഡെന്നിസ്:
ഒരു സ്വകാര്യ കമ്പനിയിലെ സെയില്‍സ്മാനായിരുന്ന ഡെന്നിസ്
മിനി ലോറിയില് സാധനങ്ങളുമായി പോവുകയായിരുന്നു.
സമയം പ്രഭാതത്തോടടുക്കുന്നു. ഉറക്കം തൂങ്ങുന്നതുകണ്ട്,
വണ്ടി നിര്‍ത്തി ഇത്തിരി നേരം ഉറങ്ങിയിട്ട് പോകാമെന്ന് ഡെന്നിസ്
ഡ്രൈവറോട് പറഞ്ഞു.

“വേണ്ട, നമ്മുടെ സ്ഥലം എത്താറയി ഇനി ഏറിയാല്‍ പത്തു മിനിറ്റ്,
അവിടെ എത്തിയിട്ട് വിശ്രമിക്കാം” ഡ്രൈവര്‍ പറഞ്ഞു.

ഇത്തിരി ദൂരം പോയതേയുള്ളു.
ഉറക്കം വന്ന് തെല്ലിടെ അടഞ്ഞുപോയ കണ്ണുകള്‍ തുറക്കും മുന്പെ
അവരുടെ വണ്ടി നിര്‍ത്തിയിട്ട ഒരു ലോറിയുടെ പിന്നില്‍ ചെന്നിടിച്ചു.

“അരക്കുതാഴെ മുറിച്ചു കളഞ്ഞ ഒരു കാലില്ലാത്ത എനിക്ക്
ആരെങ്കിലും ഒരു ജോലി തരുമോ? എനിക്കറിയില്ല…”

----------------------------------------------------

ബിജു:
ഇരുപതാം വയസ്സില്‍ തന്റെ പ്രിയപ്പെട്ട ബൈക്കില്
കോട്ടയത്തേക്ക് പോവുകയയായിരുന്നു ബിജു.
പോകേണ്ട സ്ഥലം എത്താറയിരുന്നു.

മറ്റൊരു വാഹനത്തെ മറികടന്ന് അശ്രദ്ധവും അലക്ഷ്യവുമായി
പാഞ്ഞു വന്ന ഒരു കെ. എസ്. ആര്‍. ടി. സി സൂപ്പര് ഫാസ്റ്റ് ബസ്സ്
ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു.

തകര്‍ന്നുപോയ ആ ശരീരത്തില്‍ ജീവന്‍ മാത്രം ബാക്കിയായി.

കഴിഞ്ഞ പതിനൊന്ന് വര്‍ഷങ്ങളായി ബിജു ഇങ്ങനെ കിടക്കുന്നു.
തൊണ്ടയില് അന്ന് കുടുങ്ങിപ്പോയ ഒരു നിലവിളി ബാക്കിയുണ്ട്.
കണ്ണുകളില്‍ മാത്രമാണോ ജീവന്‍ അവശേഷിക്കുന്നത്?

ജനാലക്കപ്പുറത്ത് മരങ്ങളുടെ ഇലച്ചാര്‍ത്തിലേക്ക്
സൂര്യവെളിച്ചം ചാഞ്ഞു പതിക്കുന്നുണ്ട്…
ആ കാഴ്ച്ചയുടെ സൌന്ദര്യം ബിജു അറിയുന്നുണ്ടോ?

----------------------------------------------------

ദിനംപ്രതി നിരവധിപേര്‍ നമ്മുടെ റോഡുകളില്‍ ഇങ്ങനെ
ബലിയാടുകളാവുന്നുണ്ട്. അവരില്‍ ചിലര്‍ മാത്രമാണ്
ഈ ചിത്രത്തില്‍ തെളിഞ്ഞു മായുന്നത്.

ഒരു ഓര്‍മ്മപ്പെടുത്തലിനു വേണ്ടിയാണ് ഈ ചിത്രം.

2008, ജൂൺ 13, വെള്ളിയാഴ്‌ച

സ്പോട്ട് ഫിലിമ്സ്

എന്റെ ചില സ്പോട്ട് ഫിലിമുകള്‍ പോസ്റ്റ് ചെയ്യാം.
ആദ്യം റോഡ് സുരക്ഷ എന്ന വിഷയത്തെ ആധാരമാക്കിയുള്ളത്.
അതിനു പിന്നിലെ ഒരു സംഭവം അല്പം
വിവരിക്കുന്നത് നന്നായിരിക്കും എന്നു തോന്നുന്നു.

വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം ഈയിടെ ഞാന്‍ മറ്റൊരു
അപകടത്തില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ടു.

സുഹൃത്തിന്റെ ബൈക്കില്‍ തൃശ്ശൂരില്‍ നിന്നും
കുന്നംകുളത്തേക്ക് പോകുകയായിരുന്നു.
ഞങ്ങള്‍ കേച്ചേരി എത്തറായിരുന്നു.
പിന്നില്‍ വാഹനങ്ങളൊക്കെ നിരനിരയായി വളരെ
പതുക്കെയാണ് വന്നുകൊണ്ടിരുന്നത്.
തൊട്ടു പിന്നിലൊരു കെ എസ് ആര്‍ ടി സി ബസ്സ് വരുന്നുണ്ടായിരുന്നു.
പിന്നിലിരുന്ന എന്റെ ചുമലിലില്‍ പലപ്പോഴും തൊട്ടു തൊട്ടില്ല എന്നവണ്ണം
ഞങ്ങളെ അത് മറികടക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

പൊടുന്നനെ എന്റെ ഉള്ളിലെ ഭയം ആളിക്കത്താന്‍ തുടങ്ങി.
ഇടതു ഭാഗത്ത് ഞങ്ങള്‍ക്ക് പോകാന്‍ ചെറിയൊരിടമേ ബാക്കിയുള്ളു.

ബസ്സ് വളരെ മെല്ലെ ഞങ്ങളെ മറികടക്കുകയാണ്.
ബൈക്കിന്റെ നിയന്ത്രണം നഷ്ടമായിത്തുടങ്ങി.
ഇടതുവശത്തെ മണ്ണിന്റെ ചെരിവിലേക്ക് കയറിയും ഇറങ്ങിയും അങ്ങനെ.
പെട്ടെന്ന് ബസ്സിന്റെ മുന്‍ചക്രമുള്ള തുറന്ന ഭാഗം ബൈക്കിന്റെ ഹാന്റിലില്‍
കൊളുത്തി വിട്ടു. ബൈക്ക് ചെരിഞ്ഞ് വീഴാന്‍ പോകുന്നതിനു മുന്‍പെ
സുഹൃത്ത് മുന്നില്‍ നിന്നും ഉടനെ ചാടി ഇടതു ഭാഗത്തേക്ക് വീണു.
ഞാന്‍ സംയമനം പാലിച്ച് മുന്നോട്ടാഞ്ഞ് ഹാന്റിലില്‍
പിടിക്കുന്നതിനു മുന്‍പേ തന്നെ ബൈക്ക് വലതുവശത്തേക്ക്
ബസ്സിന്റെ അടിയിലേക്ക് ചെരിഞ്ഞ് വീണു കഴിഞ്ഞിരുന്നു.

മുന്‍ചക്രം കടന്നു പോയിരുന്നു.
സെക്കന്റുകള്‍ മാത്രം...
തലയുടെ നേര്‍ക്കാണ് ചക്രങ്ങള്‍ വന്നുകൊണ്ടിരുന്നത്.
ബൈക്ക് കാലുകള്‍ക്കിടയിലാണ്.
ഞാന്‍ സര്‍വ്വശക്തിയുമെടുത്ത് മുന്നോട്ട് വളഞ്ഞു.

തലക്കു സമീപത്തുകൂടെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍
കറുത്ത പിന്‍ചക്രങ്ങള്‍ കടന്നുപോയി.

ഇതൊക്കെ നേരില്‍ കണ്ടുകൊണ്ട് പുറകില്‍ വന്നുകൊണ്ടിരുന്ന
യാത്രക്കരും അവിടെ നിന്നിരുന്ന ആളുകളും സുഹൃത്തും ഉറക്കെ
അലറി വിളിച്ചെങ്കിലും ആ ബസ്സ് നിര്‍ത്താതെ പോയിരുന്നു.

ആളുകളൊക്കെ ഓടിവന്ന് എന്നെ പിടിച്ചുയര്‍ത്തിയതും
ഞാന്‍ അലമുറയിട്ട് കരയാന്‍ തുടങ്ങി.
ഇതുകണ്ട സുഹൃത്തും നിയന്ത്രിക്കനാവതെ കരഞ്ഞു പോയി.
ഓടി വന്നവരൊക്കെ അപരിചിതരായിരുന്നു.

ചിലര്‍ ആ ബസ്സിനെ കുറേ ദൂരം പിന്തുടര്‍ന്നു ചെന്ന് നിര്‍ത്തിച്ച്
ഞങ്ങള്‍ക്കടുത്തേക്ക് കൊണ്ടുവന്നു.
ഡ്രൈവറും കണ്ടക്ടറും യാത്രക്കരും ആരും തന്നെ
ഈ സംഭവം അറിഞ്ഞിരുന്നില്ലെത്രെ.

തല തകര്‍ന്ന് പോകുമായിരുന്ന അപകടത്തില്‍ നിന്ന്
രക്ഷപ്പെട്ട എന്നോടും ഭയന്നു പോയ എന്റെ സുഹൃത്തിനുമൊപ്പം
നാട്ടുകാ‍ര്‍ ആശുപത്രിയില്‍ കുറേ നേരം ചിലവഴിച്ചു.
അവരില്‍ പലരും ഇപ്പോഴും എന്നെ വിളിക്കുകയും
ഒന്നും ഓര്‍മ്മപ്പെടുത്താതെ കുറെ കാലത്തെ പരിചയമുള്ള
സുഹൃത്തുക്കളെപ്പോലെ സംസാരിക്കുകയും ചെയ്യാറുണ്ട്.

എവിടെ അപകടം നടന്നാലും ഇങ്ങനെ കുറേ നല്ല മനുഷ്യരുടെ
കൈകള്‍ രക്ഷക്കായി നീണ്ടു വരും.
അവരുടെ കൈകളില്‍ ചോരയുടെ മണം അവശേഷിപ്പിച്ചുകൊണ്ടായിരിക്കും
അപകടത്തില്‍ പെടുന്ന ഓരോരുത്തരും
ഉയിര്‍ത്തെഴുന്നെല്‍ക്കുന്നതും ജീവന്‍ വെടിയുന്നതും...

------------------------------------------------------------------------------------------------------

ഈ സംഭവം നടന്നതിനു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി
തന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും കുറെ സമയം മാറ്റി വെക്കുന്ന
എന്റെ പ്രിയപ്പെട്ട സുഹൃത്ത് ന്യൂറോ സര്‍ജനായ ഡോക്ടര്‍ മനോജ്
എന്നോട് കുറച്ച് സ്പോട്ട് ഫിലിമുകള്‍ ചെയ്യാന്‍ പറഞ്ഞു.

ആ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടശേഷമുള്ള എന്റെ
മാനസികാവസ്ഥയില്‍ അദ്ദേഹത്തിന് വല്ലാ‍ത്ത വേവലാതിയുണ്ടുയിരുന്നു.
അതിനുള്ള ഒരു പരിഹാരമായിരുന്നു ഈ ചെറു സിനിമകളുടെ
നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്റെ മനസ്സിനെ
ക്രിയാത്മകമായി സജീവമാക്കുക എന്നത്.

പൊതുജന താല്പര്യത്തെ മുന്‍നിര്‍ത്തിക്കൊണ്ട്
റോഡ് സുരക്ഷ എന്ന വിഷയത്തെ ആധാരമാക്കി
അങ്ങിനെ ഞങ്ങള്‍ 8 സ്പോറ്റ് ഫിലിമുകള്‍ ചെയ്തു.
വളരെ ചെറിയ ബഡ്ജറ്റില്‍ 3 ദിവസങ്ങള്‍ കൊണ്ട്
ചെയ്തതാണ് ഈ ഹ്രസ്വചിത്രങ്ങള്‍.

ആ സ്പോട്ട് ഫിലിമുകള്‍ ഞാന്‍ ഇന്നു മുതല്‍ ഒന്നൊന്നായി
ഈ ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കുകയാണ്.

ആദ്യം "pedestrian crossing" എന്ന ചിത്രം.

റോഡ് മുറിച്ചു കടക്കാന്‍ അവിടെ ഞാന്‍ എത്ര സമയം
കാത്തു നിന്നിട്ടുണ്ടെന്നോ...
ആളുകള്‍ക്ക് കടന്നു പോകാനായി ഒരു ഡ്രൈവറും
വാഹനം നിര്‍ത്തിത്തരും എന്ന് പ്രതീക്ഷിക്കരുത്.
പ്രത്യേകിച്ച് കേരളത്തിലെ റോഡുകളില്‍...

മനസ്സിന് ഒരു പ്രത്യേക കൌശലവും വേഗതയും വേണം.

ഒഴിഞ്ഞ ഒരിടവേളയില്‍ വാഹനങ്ങള്‍ പാഞ്ഞെത്തുന്നതിനു മുന്‍പെ
അപ്പുറം കടക്കാന്‍ തിടുക്കത്തിലിലുള്ള ഒരോട്ടാത്തില്‍ അതെല്ലാമുണ്ട്.

വാഹനങ്ങള്‍ വരുന്നതിനു മുന്‍പെ റോഡ് മുറിച്ചു കടക്കാനുള്ള
ആത്മവിശ്വാസം കുറേ കാലം എനിക്കില്ലായിരുന്നു... ഇപ്പോഴും...

എന്റെ വലതുകാല്‍ മുട്ടിനകത്തെ ലിഗ്മെന്റ്
കുറച്ചുകാലം മുന്‍പ് ഒരു വീഴ്ചയില്‍ പൊട്ടിയിരുന്നു.
ഇപ്പോള്‍ ഞാന്‍ ACLR (Anterior Cruciate
ligament Recontruction Surgery)
കാല്‍മുട്ടില്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയാണ്.

പെഡസ്ട്രിയന്‍ ക്രോസ്സില്‍ കാത്തു നില്‍ക്കുന്ന
ഓരോരുത്തര്‍ക്കും വേണ്ടി ഈ ചിത്രം...

----------------------------------------------------





-----------------------------------------------------

2008, ജൂൺ 9, തിങ്കളാഴ്‌ച

2008, ജൂൺ 5, വ്യാഴാഴ്‌ച

മരണത്തിനും ജീവിതത്തിനും ഇടയില്‍

വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്.
കുറ്റിപ്പുറത്തു നിന്നും തിരൂരിലെക്ക് ബസ്സില്‍ പോവുകയായിരുന്നു.
ഇടതു വശത്ത് വിശാലമായ കാഴ്ച്ചയില്‍ ഭാരതപ്പുഴ
ഇടക്കിടെ ഒളിഞ്ഞും തെളിഞ്ഞും എന്നൊടൊപ്പം വന്നുകൊണ്ടിരുന്നു.
കാലവര്‍ഷം പതുക്കെ ഒഴിഞ്ഞകന്നു പോയിരുന്നു.
സുന്ദരമായൊരു കാലാവസ്ഥയായിരുന്നു അപ്പോള്‍.
ഉച്ച വെയിലിന് ചൂട് കുറവായിരുന്നു.
ഒഴുകുന്ന പുഴയുടെ തെളിഞ്ഞ ജലോപരിതലത്തില്‍ തട്ടി വരുന്ന
കാറ്റിന്റെ സുഖസ്പര്‍ശമേറ്റ് എന്റെ കണ്ണുകള്‍ മെല്ലെ അടഞ്ഞു പോയി.

ഏതൊ ഒരിടത്തു വെച്ച് ബസ്സ് ഒന്ന് ആടിയുലഞ്ഞു.
പൊടുന്നനെ ഉറക്കമുണര്‍ന്ന ഞാന്‍ നാലുപാടും നോക്കി
വെപ്രാളത്തില്‍ അടുത്ത സ്റ്റോപ്പില്‍ തന്നെ ഇറങ്ങി.

അബദ്ധം അപ്പോളാണ് മനസ്സിലായത്.
എനിക്കിറങ്ങേണ്ട സ്ഥലത്തിന് ഒരു സ്റ്റോപ്പ് മുന്‍പേ ഞാന്‍ ഇറങ്ങിയിരിക്കുന്നു.
നടക്കാനുള്ള ദൂരമേയുള്ളു, അങ്ങിനെ തീരുമാനിച്ച് പതിവുപോലെ
റോഡ് മുറിച്ച് കടന്ന് വലതുവശത്തുകൂടെ ഞാന്‍ നടക്കാന്‍ തുടങ്ങി.

ഉച്ച സമയമായിരുന്നു അതിനാല്‍ തന്നെ റോഡ് വിജനമായിരുന്നു.
എനിക്കു പിന്നില്‍ റോഡ് ഇത്തിരി ദൂരെ ചെന്ന്
പെട്ടെന്ന് ഇടത്തോട്ട് വളഞ്ഞ് അപ്രത്യക്ഷമായി.
മുന്നില്‍ നീണ്ടു നിവര്‍ന്ന് ഒരുപാട് ദൂരേക്ക് റോഡിന്റെ അറ്റം കാണുന്നുണ്ടായിരുന്നു.

ദൂരെ ഒരു ജീപ്പ് വരുന്നത് കണ്ടു. ഞാനത് കാര്യമാക്കാതെ നടന്നുകൊണ്ടിരുന്നു.
ഇത്തിരി ചെന്ന് തല ഉയര്‍ത്തി നോക്കിയപ്പോള്‍
ആ ജീപ്പിന്റെ വരവിന് ഒരു വല്ലാത്ത് പന്തികേട് തോന്നി.
വല്ലാത്ത വേഗതയിലായിരുന്നു അത്.
നിയന്ത്രണം നഷ്ടപ്പെട്ട് വളഞ്ഞും പുളഞ്ഞും അങ്ങനെ.
ബ്രേക്ക് പൊട്ടിയതാവുമൊ?
അതോ ഡ്രൈവര്‍ക്ക് എന്തെങ്കിലും കാര്യമായ അസുഖം?
ഒന്നും ആലോചിക്കന്‍ സമയമില്ല.
ഞാന്‍ പെട്ടെന്ന് ഇത്തിരി ഓരത്തേക്ക് മാറി ഒതുങ്ങി നിന്നു.
പക്ഷെ, അത് എന്റെ നേര്‍ക്ക് തന്നെയാണ് വന്നുകൊണ്ടിരിക്കുന്നത്.
ജീപ്പിനകത്തു നിന്നും ഡ്രൈവര്‍ കൈ വീശി എന്നോട് മാറാന്‍ പറയുന്നുണ്ടായിരുന്നു.
ഭയന്നുപോയ ഞാന്‍ പെട്ടെന്ന് തന്നെ വഴിയരികിലെ
കാനയിലേക്ക് ചാടിയെങ്കിലും നിലവിട്ട് കമിഴ്ന്നാണ് വീണത്.
കണ്ണടച്ചു തുറക്കും മുന്‍പേ ഞാന്‍ നിന്ന വഴിയിലൂടെ
ആ ജീപ്പ് പാഞ്ഞ് ചെന്ന് അവിടെ നിന്നിരുന്ന
ടെലിഫോണ്‍ പോസ്റ്റിനെ ഇടിച്ചു മുറിച്ച് മുന്നോട്ട് പോയി
അപ്പുറത്തെ മതിലും അതിനോട് ചേര്‍ന്നുള്ള കിണറിന്റെ കൈവരിയും തകര്‍ത്ത്
അതിലേക്ക് കൂപ്പുകുത്തി പതുക്കെ താഴ്ന്ന് താഴ്ന്ന് പോയി.

ഇടിയുടെ ആഘാതത്തില്‍ ടെലിഫോണ്‍ പോസ്റ്റ് മുറിഞ്ഞ്
തെറിച്ച് അപ്പുറത്ത് വലിഞ്ഞ് നിന്നിരുന്ന വൈദ്യുത ലൈനില്‍
ചെന്നു പതിച്ച് വലിയൊരു തീപ്പൊരിയും ശബ്ദവുമായി
അതേ വേഗത്തില്‍ ഇങ്ങോട്ട് തന്നെ പാഞ്ഞുവന്ന്
ഞാന്‍ കിടന്ന ചാലിന് മീതെ വന്നു വീണു.

പൊട്ടിത്തെറിയുടെ ശബ്ദവും കമ്പികളുടെ ഉലച്ചിലും
പൊടുന്നനെ നിന്ന് നിശ്ശ്ബ്ദ്മായി.

കിണറ്റിലേക്ക് ഇറങ്ങിപ്പോയ വണ്ടിയുടെ പിന്‍ഭാഗം
മാത്രമേ കാണാനുണ്ടായിരുന്നുള്ളു.

ആ നിശ്ശ്ബ്ദതയില്‍ കിണറ്റിലെ വെള്ളത്തിന്റെ നേര്‍ത്ത ഉലച്ചിലും
ആഴങ്ങളില്‍ നിന്ന് ഉയര്‍ന്നു വരുന്ന കുമിളകള്‍ പൊട്ടുന്ന ശബ്ദവും കേട്ടു.

റോഡിലെ ഒച്ചയും ബഹളവും കേട്ട് ചുറ്റുമുള്ള വീടുകളില്‍ നിന്ന്
ചിലരൊക്കെ പുറത്തേക്ക് വന്ന് എത്തി നോക്കുന്നത് കണ്ടു.
ഒന്നും കാണതെ സംശയത്തോടെ അവര്‍ അകത്തെക്ക് വലിഞ്ഞു.

എനിക്കൊന്നും പറ്റിയിരുന്നില്ല. ഒരു വല്ലാത്ത് ഭയം എന്നെ ആവേശിച്ചിരുന്നു.
തൊണ്ടയില്‍ ഒരു ഭീകരമായ നിലവിളി കുടുങ്ങിപ്പോയിരുന്നു.

ചാലിനു മീതെ വീണു കിടന്ന പോസ്റ്റിനും കമ്പികള്‍ക്കും ഇടയിലൂടെ
ഒരുവിധം പുറത്തേക്ക് വന്ന ഞാന്‍ ഒരു വിറയലോടെ
റോഡിന് നടുവിലേക്ക് ഇറങ്ങി നിന്നു.

ഒരു ഓട്ടോറിക്ഷ വരുന്നത് കണ്ട് നടുക്ക് നിന്ന് കൈകാണിച്ചു.
ഡ്രൈവറും യാത്രക്കാരും ഒന്നും മനസ്സിലാവാതെ ഒരു പരിഹാസച്ചിരിയില്‍
നോക്കിക്കൊണ്ട് ഒന്ന് വെട്ടിത്തിരിഞ്ഞ് നിര്‍ത്താതെ
എന്നെ മറികടന്ന് മുന്നോട്ട് പോയി.

ഞാനാകെ ചെളിയില്‍ കുതിര്‍ന്നിരുന്നത് അപ്പൊഴാണ് ശ്രദ്ധിച്ചത്.
കണ്ടാല്‍ തീര്‍ത്തും ഒരു ഭ്രാന്തനെപ്പോലിരിക്കും.

ഞാന്‍ ഭയന്ന് വിറക്കുന്നുണ്ടായിരുന്നു. വാക്കുകളൊന്നും പുറത്തേക്ക് വരുന്നില്ല.

പെട്ടെന്ന് പിന്നിലെ റോഡില്‍ വളവു തിരിഞ്ഞ് ഒരു ബസ്സ് വരുന്നത് കണ്ടു.
ഞാന്‍ അവിടെത്തന്നെ നിന്ന് അതിനെ വഴിമുടക്കി.
യാത്രക്കാരൊക്കെ അകത്തുനിന്ന് ഏന്തിവലിഞ്ഞ്
എന്നെ നോക്കുന്നുണ്ടായിരുന്നു.
എനിക്ക് മുന്നില്‍ വന്നു നിന്ന ബസ്സിന്റെ ഡ്രൈവറോട് ഞാന്‍ ഒരുവിധം
അപകടത്തെക്കുറിച്ച് പറഞ്ഞ് കിണറ്റിനു നേര്‍ക്ക് കൈചൂണ്ടി.
അപ്പോഴാണ് കിണറ്റിലേക്ക് കുത്തനെ ഇറങ്ങി നില്‍ക്കുന്ന ജീപ്പ് അവര്‍ കണ്ടത്.

നോക്കിനില്‍ക്കെ എല്ലവരും പെട്ടെന്ന് തന്നെ ബസ്സില്‍ നിന്നും
ഇറങ്ങി ഓടിച്ചെന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങി.

ആളുകള്‍ കൂട്ടം കൂടി വന്ന് ഒച്ചയും ബഹളവും തുടങ്ങിയപ്പൊളാണ്
ആ വീട്ടിലുള്ളവര്‍ സംഭവം അറിയുന്നത്.
ആ വീട്ടില്‍ അളുകളുണ്ടായിരുന്നത് ഞാന്‍ അപ്പൊളാണ് കണ്ടത്.

ഞാന്‍ എല്ലാവര്‍ക്കും പിന്നിലായിപ്പോയിരുന്നു.
ആരും എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
ആ വീടിന്റെ മതിലില്‍ പുറം ചാരി ഞാന്‍ പതുക്കെ താഴത്തെ മണ്ണില്‍ ഇരുന്നു.

കുറേനേരത്തെ എല്ല്ലാവരുടേയും ശ്രമഫലമായി ആ ജീപ്പ് കിണറ്റില്‍ നിന്നും പുറത്തേക്കെടുത്തു.
ഡ്രൈവര്‍ അതിനകത്ത് കുടുങ്ങിപ്പോയിരുന്നു.
അയാളെ ഒരുവിധം പുറത്തെടുത്ത് റോഡിനു സമീപത്തെ പുല്ലില്‍
കിടത്തിയപ്പൊള്‍ ആളുകള്‍ എല്ലാവരും ചുറ്റും വട്ടം കൂടി നിന്നു.
ചിലര്‍ അയാളെ ആശുപത്രിയിലെക്ക് കൊണ്ടുപോകാന്‍ വിളിച്ച് പറഞ്ഞു.
അതിനു മറുപടിയെന്നോണം “ഇനി കൊണ്ടുപോയിട്ട് കാര്യമില്ല”
എന്ന് പറയുന്നത് കെട്ടു.

ഞാന്‍ എഴുന്നേറ്റ് വേഗത്തില്‍ ആള്‍ക്കൂട്ടത്തിനടുത്തേക്ക് ചെന്ന്
തിക്കിത്തിരക്കി ഒരുവിധം അകത്തേക്ക് എത്തി നോക്കി.
അയാള്‍ ചോരയില്‍ കുളിച്ച് നിശ്ചലമായി നടുക്ക് കിടന്നിരുന്നു.
കഴുത്തിന്റെ ഭാഗത്ത് അസ്ഥിയും മാംസവും പുറത്ത് കാണാമായിരുന്നു.

പൊടുന്നനെ അവസാനത്തെ ഉയിരില്‍ ഒന്നു പിടഞ്ഞ്
അയാള്‍ തന്റെ കണ്ണുകള്‍ തുറന്ന്
ചുറ്റുമുള്ളവരെ ഓരോരുത്തരെയായി നോക്കാന്‍ തുടങ്ങി.
ആ നോട്ടം വന്നു വന്ന് എന്റെ മുഖത്തെത്തി തെല്ലുനേരം നിന്നു.
എന്തൊ പറയാനായി അയാള്‍ ചുണ്ടുകള്‍ അനക്കാന്‍ ശ്രമിച്ചു.
പക്ഷെ അതിനു മുന്‍പേ ആ മുഖം ഒരു വശത്തെക്ക് ചരിഞ്ഞ് ശരീരം നിശ്ചലമായി.
തുറന്നുപിടിച്ച വായിലൂടെ കട്ടിയുള്ള കുറേ ചോര പുറത്തേക്ക് വന്നു.
നെഞ്ചിനകത്ത് കുടുങ്ങിപ്പോയ ശ്വാസം കഴുത്തിലെ വലിയ മുറിവിന്റെ
ആഴത്തില്‍ നിന്നും ഭയപ്പെടുത്തുന്ന ശബ്ദമായി കേട്ടു.

ആള്‍ക്കൂട്ടത്തിലേക്ക് ഒരു വല്ലാത്ത നിശ്ശബ്ദ്ത ഒഴുകിപ്പരന്നു.

ആ കണ്ണുകളുടെ അവസാനത്തെ നൊട്ടത്തില്‍ നിന്നും
രക്ഷപ്പെടാനവാതെ ഞാന്‍ അവിടെത്തന്നെ നിന്നുപോയി.

കൂടിനിന്ന എല്ലാവരും എന്നെ ആദ്യം കാണുന്നതു പോലെ നോക്കി.
ചിലരൊക്കെ സഹതാപത്തൊടെ...
മറ്റുചിലര്‍ നിര്‍വികാരമായും അകത്തെന്തൊക്കെയൊ ഒളിച്ചുവെച്ചും.

ആള്‍ക്കൂട്ടത്തില്‍ നിന്നും മുതിര്‍ന്ന ഒരാള്‍ മുന്നോട്ടുവന്ന്
അയാളുടെ തുറന്ന് നിശ്ചലമായ കണ്ണുകള്‍
തന്റെ കൈകൊണ്ട് പതുക്കെ അടച്ചു.

അയാളുടെ കണ്ണുകളില്‍ അവസാനം കണ്ട് നിശ്ചലമായ
ആ കാഴ്ചയും ഇല്ലതായി.

അത് എന്റെ മുഖമായിരുന്നു.

വെളിച്ചം അണഞ്ഞു. ഇരുട്ട്. ഇരുട്ടിന്റെ കറുപ്പ് മാത്രം...

ഞാന്‍ പിന്നീട് ദിവസങ്ങളോളം പേടിച്ച് അലറിവിളിച്ച
എല്ലാ രാത്രികള്‍ക്കും അതേ കറുപ്പു നിറമായിരുന്നു.

എഴുത്തുകളെക്കുറിച്ച്...

ഞാന്‍ ഒരു എഴുത്തുകാരനല്ല.
ധാരാളം വായിക്കാറുണ്ടെങ്കിലും എഴുത്ത് എനിക്ക്
നന്നായി വഴങ്ങുന്ന ഒന്നല്ല.

ഞാന്‍ തീര്‍ച്ചയായും ദൃശ്യങ്ങളിലൂടെ എഴുതുന്ന ഒരാളാണ്.
എന്റെ ഉള്ളിലുള്ള ചിന്തകളും ആശയങ്ങളും രൂപപ്പെടുന്നത്
ഗ്രാഫിക് ഡിസൈനിംഗ്, ഫോട്ടോഗ്രാഫി, സിനിമ
എന്നിങ്ങനെയുള്ള മാധ്യമത്തിലൂടെയാണ്.
എന്റെ ജീവിതമാര്‍ഗ്ഗവും അതാണ്.
അതുകൊണ്ട് ഞാന്‍ നിലനിന്നു പോകുന്നു എന്നു പറയാം.
എന്റെ എഴുത്ത് ഇതിനൊക്കെ വേണ്ടിയുള്ളതുമാത്രമാണ്.

പിന്നെ, ഞാന്‍ ഒരു കത്തെഴുത്തുകാരനാണ്. ഇപ്പോഴും.
വിദേശത്തുള്ള അനിയന്മാര്‍ക്കും പിന്നെ സുഹൃത്തുക്കള്‍ക്കും
ഒക്കെയുള്ള സുദീര്‍ഘമായ എഴുത്തുകള്‍ എഴുതാറുണ്ട്.
ഇപ്പോഴൊക്കെ മിക്കവരും എഴുത്തുകിട്ടിയാല്‍ ഒരു
ഫോണ്‍ വിളിയാണ് മറുപടി.
അവര്‍ക്കൊക്കെ വലിയ തിരക്കാണ്.
നമ്മള്‍ക്ക് വെറെ പണിയൊന്നും ഇല്ലാത്തതുകൊണ്ടാണ്
ഇപ്പോഴും എഴുതിക്കൊണ്ടേയിരിക്കുന്നത് എന്നാവും ആത്മഗതം.

ഫോണും, മൊബൈലും, ഇന്റെര്‍നെറ്റും വന്നതില്‍ പിന്നെ
പോസ്റ്റ് ഓഫീസില്‍ കച്ചവടം കുറഞ്ഞു.

പണ്ടത്തെ കാലം എത്ര നല്ലതായിരുന്നു.

വഴിക്കണ്ണും നട്ട് പോസ്റ്റ്മാന് വേണ്ടിയുളള്ള കാത്തിരിപ്പ്...

എഴുത്തുവന്നാല്‍ തിടുക്കത്തില്‍ ഒരു വായനയാണ്.
പിന്നെയും പിന്നെയും വായിച്ചാലും വായിച്ചാലും തീരാതെ.
ഈ എഴുത്തുകളായിരുന്നു സൌഹൃദങ്ങള്‍ക്കിടയിലുള്ള
അകലം കുറച്ചിരുന്നത്.

നൊസ്റ്റാല്‍ജിക് ഫീലിംഗ്സ് അല്ലേ....?

ഞാന്‍ കണ്ടതും കേട്ടതും അനുഭവിച്ചതുമായ ചില കാര്യങ്ങള്‍
എന്റെ ബ്ലോഗില്‍ എഴുതാം.
എഴുതിയെഴുതി തെളിയുമോ എന്നു നോക്കാം അല്ലേ?

ഫോട്ടോഗ്രഫുകളും ഓരോന്നായി ചേര്‍ക്കം. വിവരണങ്ങളോടെ തന്നെ.

എഴുത്തുകള്‍ ആദ്യമായി അനുഭവസക്ഷ്യങ്ങളാവട്ടെ. കാല്പനികമായത് പിന്നീട്.

അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷ്ക്കുന്നു.

രഞ്ജിത്ത് കുമാര്‍.

2008, മേയ് 30, വെള്ളിയാഴ്‌ച

ഞാനുണ്ടായത്

ജനിച്ചത് ഭാരതപ്പുഴയുടെ തീരത്ത് ഈശ്വരമംഗലം.
കണ്ണു തുറന്നപ്പൊള്‍ മദ്രാസില്‍.
ആദ്യം പഠിച്ച ഭാഷ തമിഴാണ്. പിന്നെ മലയാളം.
തായ്മൊഴി തമിഴ്. തമിഴ് മൊഴിയഴക്.

സ്കൂള്‍ കഴിഞ്ഞപ്പൊള്‍ സംഗീതമൊ ചിത്രംവരയോ പഠിക്കണമെന്നുണ്ടായിരുന്നു.
മേലേടത്തു നിന്നും അനുവാദം കിട്ടിയില്ല.

പ്രീഡിഗ്രി പാതിവഴിയിലെത്തിയപ്പൊള്‍ കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോയി.
ആകെ 40 പേര്‍ രണ്ടേ രണ്ടു കമ്പ്യൂട്ടര്‍. കീബോര്‍ഡിലൊന്നു തൊട്ടു.

പുസ്തകവായന തുടങ്ങിയപ്പൊള്‍ മിണ്ടലും പറയലും കുറഞ്ഞു.

നാട് വിട്ട് ബാംഗ്ലൂരില്‍ ചെന്നു. ഭാഷ അറിയില്ലായിരുന്നു.
ഇലക്ട്രീഷ്യന്റെ ഹെല്‍പ്പര്‍, ഹോട്ടലില്‍ വെയ്റ്റര്‍, കാഷ്യര്‍ എന്നിങ്ങനെ.
നിവൃത്തികേടുകൊണ്ട് കന്നട സ്വല്‍പ്പം ഗൊത്തന്‍ പഠിച്ചു ഒപ്പം ഇംഗ്ലീഷും.

നേരെ മദ്രാസിലെക്ക് ചെന്ന് ഇന്റ്റീരിയര്‍ ഡെക്കറെഷന്‍,
കണക്കെഴുത്ത് തുടങ്ങിയ പണികള്‍ ചെയ്തു.

മൂന്നു വര്‍ഷക്കാലം സിത്താറില്‍ ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു.

മൌണ്ട് റോഡില്‍ സ്പെന്‍സര്‍ പ്ലാസ ആദ്യഘട്ടം പണി പൂര്‍ത്തിയായിരുന്നു.
തമിഴ് നാട്ടില്‍ ജയലളിത അധികാരത്തില്‍ വന്നു.

മലേഷ്യയില്‍ പോകാന്‍ പണവും പാസ്പോര്‍ട്ടും വാങ്ങിയ ആള്‍ ചതിച്ചു.
12 പേരൊടൊപ്പം ഞാനും പെരുവഴിയിലായി. മുകളില്‍ ആകാശം താഴെ ഭൂമി.

എല്ലാം ഉപേക്ഷിച്ച് ചിത്രം വരക്കാന്‍ തുടങ്ങി.
ക്യാന്‍വാസില്‍ പല പല അമൂര്‍ത്തരൂപങ്ങള്‍ ഉണ്ടായി വന്നു.
ചിത്രങ്ങള്‍ ഒന്നും വിറ്റുപൊയില്ല. ആര്‍ക്കും ഒന്നും മനസ്സിലാവഞ്ഞിട്ടാവും.
വരവില്ല ചിലവുമാത്രമായി. ഒപ്പം ഒടുങ്ങാത്ത പട്ടിണിയും.

ആത്മഹത്യ ചെയ്യാന്‍ കടലിലേക്ക് ചെന്നു.
കടല്‍ ആഴങ്ങളില്‍ നിന്ന് എന്നെ കോരിയെടുത്ത്
തീരത്ത് കിടത്തി ഇത്തിരി ജീവനും തന്ന് തലോടിയുറക്കി.
എല്ലാം അറിയുന്ന കടല്‍...
വെളുപ്പിന് ഒരു മുക്കുവന്റെ കൈ പിടിച്ച് പുതിയ ജീവിതത്തിലെക്ക് നടന്നു.

മദ്രാസിലെ കടല്‍ക്കാറ്റ്, ഉഷ്ണപ്പെരുക്കം വലുതാവുന്ന പകലുകള്‍...
കത്തിരിച്ചൂടില്‍ വിയര്‍ത്തു കിളിച്ചാലും
തമിഴന്റെ നിറവും, നന്മയും, സ്നേഹവും വളരെ വലുതാണ്.

കടുമ്പാടിയെ കണ്ടെത്തി. കടല്‍ ദൈവത്തിന്റെ പേരുള്ള മുക്കുവ ബാലന്‍.
വലിയ കടല്‍ ചെറിയ കട്ടമരം അതില്‍ കടുമ്പാടി ഒറ്റയ്ക്ക്.

അവിടെ ഫിന്നിഷ് സുഹ്രുത്തിനെ കിട്ടി.
ഫോട്ടോഗ്രാഫിയിലെ ബാലപാഠങ്ങള്‍, നിലാവത്ത് ആകാശം നോക്കി കിടക്കല്‍,
കടലില്‍ നീന്തല്‍, തീരങ്ങളിലൂടെ അന്തമില്ലാത്ത നടത്തം,
സൈക്കിള്‍ യജ്ഞം, പാചക പരീക്ഷണങ്ങള്‍.

ദുബായിലെക്ക് ആദ്യമായി വിമാനത്തില്‍ പറന്നു.
ഉരുകിയൊലിക്കുന്ന വെയിലില്‍ ഫയലും
തൂക്കി ജോലി അന്വേഷിച്ച് നടന്നു.
നിരത്തില്‍ എന്നെപ്പൊലെ തലങ്ങും വിലങ്ങും നിരവധി പേരുണ്ടായിരുന്നു.
അവര്‍ക്കൊക്കെ ജൊലി കിട്ടിയോ എന്തൊ?
എനിക്ക് ഒരു കമ്പനിയില്‍ കണക്കെഴുത്ത് പണി തരമായി.

രണ്ടു വര്‍ഷങ്ങള്‍.

ഗ്രാഫിക് ഡിസൈനിങ്ങും, ഫോട്ടോഗ്രാഫിയും,
വീഡിയോഗ്രാഫിയും, എഡിറ്റിങ്ങും പഠിച്ചു.

എമിറേറ്റ്സില്‍ വെച്ചാണ് എന്റെ ക്യാമറയില്‍ ചിത്രങ്ങള്‍ പതിഞ്ഞു തുടങ്ങിയത്.

“ദി കാര്‍ട്ട്” എന്ന ഇറാനിയന്‍ സിനിമ കണ്ടു. സിനിമാ ഭ്രാന്ത് തുടങ്ങി.

പണിയിലൊരു പാര വന്നു. ആത്മാഭിമാനം നഷ്ടപ്പെടുത്തി അടിമയായി കഴിയാന്‍
താല്പര്യമില്ലാത്തതു കൊണ്ട് ഒന്നിനും കാത്തു നില്‍ക്കാതെ നാട്ടിലെക്ക് പോന്നു.

കയ്യിലെ സമ്പാദ്യം കൊണ്ടൊരു കല്യാണം കഴിച്ചു.
പിന്നെയും ബാക്കിയായ പൈസകൊണ്ട് സിനിമയെടുത്ത് പഠിച്ചു.

ഒരു ടെലിവിഷന്‍ ചാനലില്‍ പ്രൊഗ്രാം പ്രൊഡ്യൂസറായി.
കരുതിയതു പോലെചാനല്‍ വെടി തീര്‍ന്ന് പുകഞ്ഞു പോയി.
അതിനു മുന്‍പേ ഞാന്‍ പണി നിര്‍ത്തിയിരുന്നു.
ടെലിവിഷന്‍ ചാനല്‍ പണി ഇനി വെണ്ടെന്നു വെച്ചു.

മരണത്തില്‍ നിന്നും മൂന്ന് തവണ അല്‍ഭുതകരമായി രക്ഷപ്പെട്ടു.

ഇപ്പോഴും ജീവിച്ചിരിക്കുന്നതുകൊണ്ട് കേരളത്തിന്റെ ഒരു മൂലക്കിരുന്ന്
ഇടക്ക് അവിടെയും ഇവിടെയും ഒളിഞ്ഞും തെളിഞ്ഞുമൊക്കെ
ഒരോരൊ പണികള്‍ ചെയ്ത് കഴിഞ്ഞുകൂടുന്നു.

ഗ്രാഫിക്ക് ഡിസൈന്‍, മീഡിയാ കണ്‍സള്‍ട്ടന്‍സി, ഫോട്ടോഗ്രാഫി,
സിനിമറ്റൊഗ്രാഫി, ഫിലിം മേക്കിംഗ്, ഊരുചുറ്റല്‍, സ്വപ്നംകാണല്‍
എന്നിങ്ങനെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങള്‍.

ഇപ്പൊള്‍ സ്വന്തമായി ഒരു കമ്പനി നടത്തുന്നു.

ഇന്നൊവെഷന്‍സിന്റെ ഓഫീസ് വിര്‍ച്ച്വലാണ്.
നിയതമായ ഓഫീസിന്റെ ചട്ടക്കൂടുകള്‍ ഇല്ലാത്ത ഒന്ന്...

ഭാര്യ രജനി മകള്‍ ഗീതാഞ്ജലി.
മലബാറുകാരന്‍, ഇപ്പോള്‍ താമസം ത്രിശ്ശൂരില്‍.

ഊഷരമായ കുറെ കാലങ്ങള്‍ക്ക് ശേഷം
അങ്ങനെയാണ് ഈ ഫ്രീലാന്‍സര്‍ ഉണ്ടായത്.

ഇപ്പോഴും ഒരു സംശയം ഭാക്കിയാണ്.
ഞാന്‍ ആരാണ്?