ജനിച്ചത് ഭാരതപ്പുഴയുടെ തീരത്ത് ഈശ്വരമംഗലം.
കണ്ണു തുറന്നപ്പൊള്‍ മദ്രാസില്‍.
ആദ്യം പഠിച്ച ഭാഷ തമിഴാണ്. പിന്നെ മലയാളം.
തായ്മൊഴി തമിഴ്. തമിഴ് മൊഴിയഴക്.
സ്കൂള്‍ കഴിഞ്ഞപ്പൊള്‍ സംഗീതമൊ ചിത്രംവരയോ പഠിക്കണമെന്നുണ്ടായിരുന്നു.
മേലേടത്തു നിന്നും അനുവാദം കിട്ടിയില്ല.
പ്രീഡിഗ്രി പാതിവഴിയിലെത്തിയപ്പൊള്‍ കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോയി.
ആകെ 40 പേര്‍ രണ്ടേ രണ്ടു കമ്പ്യൂട്ടര്‍. കീബോര്‍ഡിലൊന്നു തൊട്ടു.
പുസ്തകവായന തുടങ്ങിയപ്പൊള്‍ മിണ്ടലും പറയലും കുറഞ്ഞു.
നാട് വിട്ട് ബാംഗ്ലൂരില്‍ ചെന്നു. ഭാഷ അറിയില്ലായിരുന്നു.
ഇലക്ട്രീഷ്യന്റെ ഹെല്‍പ്പര്‍, ഹോട്ടലില്‍ വെയ്റ്റര്‍, കാഷ്യര്‍ എന്നിങ്ങനെ.
നിവൃത്തികേടുകൊണ്ട് കന്നട സ്വല്‍പ്പം ഗൊത്തന്‍ പഠിച്ചു ഒപ്പം ഇംഗ്ലീഷും.
നേരെ മദ്രാസിലെക്ക് ചെന്ന് ഇന്റ്റീരിയര്‍ ഡെക്കറെഷന്‍,
കണക്കെഴുത്ത് തുടങ്ങിയ പണികള്‍ ചെയ്തു.
മൂന്നു വര്‍ഷക്കാലം സിത്താറില്‍ ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു.
മൌണ്ട് റോഡില്‍ സ്പെന്‍സര്‍ പ്ലാസ ആദ്യഘട്ടം പണി പൂര്‍ത്തിയായിരുന്നു.
തമിഴ് നാട്ടില്‍ ജയലളിത അധികാരത്തില്‍ വന്നു.
മലേഷ്യയില്‍ പോകാന്‍ പണവും പാസ്പോര്‍ട്ടും വാങ്ങിയ ആള്‍ ചതിച്ചു.
12 പേരൊടൊപ്പം ഞാനും പെരുവഴിയിലായി. മുകളില്‍ ആകാശം താഴെ ഭൂമി.
എല്ലാം ഉപേക്ഷിച്ച് ചിത്രം വരക്കാന്‍ തുടങ്ങി.
ക്യാന്‍വാസില്‍ പല പല അമൂര്‍ത്തരൂപങ്ങള്‍ ഉണ്ടായി വന്നു.
ചിത്രങ്ങള്‍ ഒന്നും വിറ്റുപൊയില്ല. ആര്‍ക്കും ഒന്നും മനസ്സിലാവഞ്ഞിട്ടാവും.
വരവില്ല ചിലവുമാത്രമായി. ഒപ്പം ഒടുങ്ങാത്ത പട്ടിണിയും.
ആത്മഹത്യ ചെയ്യാന്‍ കടലിലേക്ക് ചെന്നു.
കടല്‍ ആഴങ്ങളില്‍ നിന്ന് എന്നെ കോരിയെടുത്ത്
തീരത്ത് കിടത്തി ഇത്തിരി ജീവനും തന്ന് തലോടിയുറക്കി.
എല്ലാം അറിയുന്ന കടല്‍...
വെളുപ്പിന് ഒരു മുക്കുവന്റെ കൈ പിടിച്ച് പുതിയ ജീവിതത്തിലെക്ക് നടന്നു.
മദ്രാസിലെ കടല്‍ക്കാറ്റ്, ഉഷ്ണപ്പെരുക്കം വലുതാവുന്ന പകലുകള്‍...
കത്തിരിച്ചൂടില്‍ വിയര്‍ത്തു കിളിച്ചാലും
തമിഴന്റെ നിറവും, നന്മയും, സ്നേഹവും വളരെ വലുതാണ്.
കടുമ്പാടിയെ കണ്ടെത്തി. കടല്‍ ദൈവത്തിന്റെ പേരുള്ള മുക്കുവ ബാലന്‍.
വലിയ കടല്‍ ചെറിയ കട്ടമരം അതില്‍ കടുമ്പാടി ഒറ്റയ്ക്ക്.
അവിടെ ഫിന്നിഷ് സുഹ്രുത്തിനെ കിട്ടി.
ഫോട്ടോഗ്രാഫിയിലെ ബാലപാഠങ്ങള്‍, നിലാവത്ത് ആകാശം നോക്കി കിടക്കല്‍,
കടലില്‍ നീന്തല്‍, തീരങ്ങളിലൂടെ അന്തമില്ലാത്ത നടത്തം,
സൈക്കിള്‍ യജ്ഞം, പാചക പരീക്ഷണങ്ങള്‍.
ദുബായിലെക്ക് ആദ്യമായി വിമാനത്തില്‍ പറന്നു.
ഉരുകിയൊലിക്കുന്ന വെയിലില്‍ ഫയലും
തൂക്കി ജോലി അന്വേഷിച്ച് നടന്നു.
നിരത്തില്‍ എന്നെപ്പൊലെ തലങ്ങും വിലങ്ങും നിരവധി പേരുണ്ടായിരുന്നു.
അവര്‍ക്കൊക്കെ ജൊലി കിട്ടിയോ എന്തൊ?
എനിക്ക് ഒരു കമ്പനിയില്‍ കണക്കെഴുത്ത് പണി തരമായി.
രണ്ടു വര്‍ഷങ്ങള്‍.
ഗ്രാഫിക് ഡിസൈനിങ്ങും, ഫോട്ടോഗ്രാഫിയും,
വീഡിയോഗ്രാഫിയും, എഡിറ്റിങ്ങും പഠിച്ചു.
എമിറേറ്റ്സില്‍ വെച്ചാണ് എന്റെ ക്യാമറയില്‍ ചിത്രങ്ങള്‍ പതിഞ്ഞു തുടങ്ങിയത്.
“ദി കാര്‍ട്ട്” എന്ന ഇറാനിയന്‍ സിനിമ കണ്ടു. സിനിമാ ഭ്രാന്ത് തുടങ്ങി.
പണിയിലൊരു പാര വന്നു. ആത്മാഭിമാനം നഷ്ടപ്പെടുത്തി അടിമയായി കഴിയാന്‍
താല്പര്യമില്ലാത്തതു കൊണ്ട് ഒന്നിനും കാത്തു നില്‍ക്കാതെ നാട്ടിലെക്ക് പോന്നു.
കയ്യിലെ സമ്പാദ്യം കൊണ്ടൊരു കല്യാണം കഴിച്ചു.
പിന്നെയും ബാക്കിയായ പൈസകൊണ്ട് സിനിമയെടുത്ത് പഠിച്ചു.
ഒരു ടെലിവിഷന്‍ ചാനലില്‍ പ്രൊഗ്രാം പ്രൊഡ്യൂസറായി.
കരുതിയതു പോലെചാനല്‍ വെടി തീര്‍ന്ന് പുകഞ്ഞു പോയി.
അതിനു മുന്‍പേ ഞാന്‍ പണി നിര്‍ത്തിയിരുന്നു.
ടെലിവിഷന്‍ ചാനല്‍ പണി ഇനി വെണ്ടെന്നു വെച്ചു.
മരണത്തില്‍ നിന്നും മൂന്ന് തവണ അല്‍ഭുതകരമായി രക്ഷപ്പെട്ടു.
ഇപ്പോഴും ജീവിച്ചിരിക്കുന്നതുകൊണ്ട് കേരളത്തിന്റെ ഒരു മൂലക്കിരുന്ന്
ഇടക്ക് അവിടെയും ഇവിടെയും ഒളിഞ്ഞും തെളിഞ്ഞുമൊക്കെ
ഒരോരൊ പണികള്‍ ചെയ്ത് കഴിഞ്ഞുകൂടുന്നു.
ഗ്രാഫിക്ക് ഡിസൈന്‍, മീഡിയാ കണ്‍സള്‍ട്ടന്‍സി, ഫോട്ടോഗ്രാഫി,
സിനിമറ്റൊഗ്രാഫി, ഫിലിം മേക്കിംഗ്, ഊരുചുറ്റല്‍, സ്വപ്നംകാണല്‍
എന്നിങ്ങനെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങള്‍.
ഇപ്പൊള്‍ സ്വന്തമായി ഒരു കമ്പനി നടത്തുന്നു.
ഇന്നൊവെഷന്‍സിന്റെ ഓഫീസ് വിര്‍ച്ച്വലാണ്.
നിയതമായ ഓഫീസിന്റെ ചട്ടക്കൂടുകള്‍ ഇല്ലാത്ത ഒന്ന്...
ഭാര്യ രജനി മകള്‍ ഗീതാഞ്ജലി.
മലബാറുകാരന്‍, ഇപ്പോള്‍ താമസം ത്രിശ്ശൂരില്‍.
ഊഷരമായ കുറെ കാലങ്ങള്‍ക്ക് ശേഷം
അങ്ങനെയാണ് ഈ ഫ്രീലാന്‍സര്‍ ഉണ്ടായത്.
ഇപ്പോഴും ഒരു സംശയം ഭാക്കിയാണ്.
ഞാന്‍ ആരാണ്?